താരനും മുടികൊഴിച്ചിലും മാറാന്‍ ചെമ്പരത്തി നിങ്ങളെ സഹായിക്കും
താരനും മുടികൊഴിച്ചിലും ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ചെമ്പരത്തി. മികച്ച ഹെയര്‍ പാക്കുകള്‍ ഉണ്ടാക്കാന്‍ ചെമ്പരത്തി ഉപയോഗിക്കൂ.
അരച്ച ചെമ്പരത്തി പൂവിതളുകള്‍ രണ്ടു ടേബിള്‍ സ്പൂണ്‍, രണ്ടു ടേബിള്‍ സ്പൂണ്‍ തേങ്ങാപാല്‍, രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ടു ടേബിള്‍ സ്പൂണ്‍ തൈര്, നാല് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ മിക്‌സ് ചെയ്യുക. മുടിയിഴകളിലും വേരുകളിലും ഈ മിശ്രിതം തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ ഒരു തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. വരണ്ടതും അറ്റം പിളര്‍ന്നു പോയതുമായ തലമുടിയുടെ സംരക്ഷണത്തിനു ഈ കൂട്ട് സഹായിക്കും.
മൂന്നു ടേബിള്‍ സ്പൂണ്‍ ഇഞ്ചി നീരും രണ്ടു ടേബിള്‍ സ്പൂണ്‍ ചെമ്പരത്തി പൂവ് അരച്ചതും മിക്‌സ് ചെയ്യുക. ഇത് തലമുടിയില്‍ മുഴുവനായും പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ ഇപ്രകാരം ചെയ്യാം.
ഇഞ്ചിയും ചെമ്പരത്തിയും തലമുടിയുടെ വളര്‍ച്ചയെ വര്‍ധിപ്പിക്കുന്നു. ഈ കൂട്ട് ശിരോചര്‍മത്തിലും തലമുടിയുടെ വേരുകളിലും പുരട്ടി മസാജ് ചെയ്യുന്നത് പുതിയ തലമുടി വളര്‍ന്നുവരാനും സഹായകരമാണ്.
രണ്ടു മുട്ടയുടെ വെള്ളയും ചെമ്പരത്തി പൂവ് അരച്ചത് മൂന്നു ടേബിള്‍ സ്പൂണും മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയിലാകെ പുരട്ടി 20 മിനിറ്റിന്‌ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം. ആഴ്ചയില്‍ ഒരു തവണ ഇതു ചെയ്യാം.
പ്രോട്ടീനിനാല്‍ സമ്പന്നമാണ് ഈ ഹെയര്‍ പായ്ക്ക്. തലമുടിയില്‍ അധികമായുണ്ടാകുന്ന എണ്ണമയത്തെ ഇല്ലാതെയാക്കാനും മുടികൊഴിച്ചിലിനെ പ്രതിരോധിക്കാനും ഈ കൂട്ടുകൊണ്ടു സാധിക്കുന്നു. കൂടാതെ, മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.
10 ആര്യവേപ്പ് ഇലയും ഒരു കൈനിറയെ ചെമ്പരത്തിയിലകളും കാല്‍കപ്പ് വെള്ളവുമാണ് ഈ ഹെയര്‍ പാക്കിന് ആവശ്യമായ വസ്തുക്കള്‍. വെള്ളം ഒഴിച്ച് ആര്യവേപ്പിന്റെ ഇല അരച്ചതിനു ശേഷം, അതിന്റെ നീര് പിഴിഞ്ഞെടുക്കുക. അരച്ചുവെച്ച ചെമ്പരത്തിയില ആര്യവേപ്പിലയുടെ നീരുമായി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം തലയിലാകെ പുരട്ടുക. 20 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു ദിവസം ഇങ്ങനെ ചെയ്യാവുന്നതാണ്.